രാജ്യത്തെ ആദ്യ പോർട്ടബിൾ എബിസി സെന്റർ തുറന്നു.
തെരുവുനായ ശല്യം ലഘൂകരിക്കുന്നതിന് വേണ്ടി നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ സ്ഥാപിച്ച പോർട്ടബിൾ എബിസി സെന്റർ രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇന്ത്യയിലെ ആദ്യത്തെ പോർട്ടബിൾ എബിസി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പൈലറ്റ് പ്രോജക്ടായി സ്ഥാപിച്ച പോർട്ടബിൾ എബിസി സെന്റർ പൂർണ്ണമായും പരിസ്ഥിതി-പൊതുജന സൗഹൃദത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ഇത് കേരളത്തിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.


മൃഗസംരക്ഷണ തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് എബിസി സെന്റർ സ്ഥാപിച്ചിട്ടുള്ളത്. നെടുമങ്ങാട് നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ, കാവ എന്ന സംഘടനയുടെ സഹകരണത്തോടെ, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സെൻ്റർ പ്രവർത്തനമാരംഭിച്ചത്.

ഒരു പ്രദേശത്ത് നിശ്ചിത ദിവസം ക്യാമ്പ് ചെയ്ത് ആ പ്രദേശത്തെ പരമാവധി തെരുവുനായ്ക്കളെ വന്ധീകരിയ്ക്കുകയും അതിനു ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ച് വന്ധ്യംകരണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തരത്തിലാണ് സെന്റർ പ്രവർത്തിക്കുക. ഡോക്ടർമാരടങ്ങുന്ന ഒരു ടീം ഒരു ദിവസം ഏഴു മുതൽ പത്ത് വരെ തെരുവുനായ്ക്കളെ വന്ധീകരിയ്ക്കും. സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമുള്ള വെറ്ററിനറി സർജന്മാരെയും ഓപ്പറേഷൻ തീയേറ്റർ അറ്റൻഡർമാരെയും വന്ധീകരണത്തിനു ശേഷം നായ്ക്കളെ ശുശ്രുഷിക്കുന്നതിനുള്ള ഡോഗ് ഹാൻഡ്ലേഴ്സിനെയും ഡോഗ് ക്യാച്ചേഴ്സിനെയും നിയമിച്ചിട്ടുണ്ട്.


ജനറേറ്റർ സൗകര്യത്തോടു കൂടിയ, എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററാണ് പോർട്ടബിൾ സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത്. വന്ധീകരിച്ച നായ്ക്കളെ പോർട്ടബിൾ സെന്ററിനോട് ചേർന്ന് പ്രത്യേകമായി സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ 4 മുതൽ 5 ദിവസം ദിവസം വരെ പാർപ്പിച്ച്, ആവശ്യമുള്ള ശുശ്രൂഷയും, ഭക്ഷണവും, പരിചരണവും പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പും നൽകിയതിനു ശേഷം അവയെ പിടിച്ച അതേ സ്ഥലത്തു തന്നെ തിരികെ വിടും. ഇത്തരത്തിൽ 35 കൂടുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എം.സി റെജിൽ, സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് അംഗം വേണുഗോപാൽ.ആർ, പബ്ലിക് ഹെൽത്ത് അസിസ്റ്റൻറ് ഡയറക്ടർ ഹരികുമാർ.എസ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


