മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം : മന്ത്രി വി. ശിവൻകുട്ടി

വിദ്യാഭ്യാസം ഓരോരുത്തരുടെയും അവകാശമാണെന്നും ഏറ്റവും മികച്ച രീതിയിൽ ഓരോ കുട്ടിക്കും അത് ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഗവ. യുപിഎസ് പാലവിള, അഴൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെയും അഴൂർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന വാഗ്ദാനമാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്. കിഫ്ബി ഉൾപ്പടെയുള്ള വിവിധ ധനസഹായ ഏജൻസികൾ വഴി നാടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമ്പോൾ, കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും സാധിക്കും.  എല്ലാവർക്കും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന മാറ്റങ്ങൾ.

ക്ലാസ് മുറികൾ പഴയതുപോലെ നാല് ചുവരുകൾ അല്ല; അത് സ്മാർട്ട് ക്ലാസ് റൂമുകളും ഹൈടെക് ലാബുകളും ഉൾപ്പെടുന്ന അറിവിൻ്റെ ലോകമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം മിഷനിലൂടെയും നാം ലക്ഷ്യമിടുന്നത് കേവലം കെട്ടിടങ്ങൾ മാത്രമല്ല, നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്ന അറിവിൻ്റെ വലിയ കേന്ദ്രങ്ങളാണെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങുകൾ സ്കൂൾ അങ്കണങ്ങളിലാണ് നടന്നത്. അഴൂർ ഗ്രാമപഞ്ചായത്തിൽ 53 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വെൽനെസ് സെൻ്റർ, ചുറ്റുമതിൽ ഉൾപ്പെടെ 75 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച എം.സി.എഫ് തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് സംഘടിപ്പിച്ചത്.

വി. ശശി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ ബീഗം, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ എം. ജലീൽ, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. അനിൽ, സെക്രട്ടറി ശ്രീകല വർമ്മ യു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!