രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍

ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് കോണ്‍ഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. പാര്‍ട്ടി എല്ലാ പരിഗണനയും ശശി തരൂരിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഏറ്റവും നല്ല പദവിയാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സദ്‌പേരിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തികളാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അദ്ദേഹം രക്തസാക്ഷി പരിവേഷം നേടിയെടുത്ത് പുറത്തു പോകാന്‍ ശ്രമിക്കുന്നു. അത്തരമൊരു പരിവേഷം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് അദ്ദേഹത്തിന് വേണമെങ്കില്‍ സ്വയം പാര്‍ട്ടിവിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്കു വെച്ച് കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ എം പി കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുമ്പോട്ട് പോകണമെന്നും, രാജ്യ താല്‍പ്പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയും തരൂര്‍ പുകഴ്ത്തി സംസാരിച്ചിരുന്നു. വിമര്‍ശനം ഏറ്റെടുത്ത ബിജെപി ഗാന്ധി കുടുംബമല്ല രാജ്യമാണ് വലുതെന്ന സന്ദേശമാണ് തരൂര്‍ നല്‍കിയതെന്നും അത് രാഹുല്‍ ഗാന്ധിക്കുള്ള സന്ദേശമാണെന്നുമാണ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!