സുഗമവും സുരക്ഷിതവുമായ ദർശനമൊരുക്കാൻ ദേവസ്വം ബോർഡും പോലീസും ജാഗ്രതയോടെ പ്രവർത്തിക്കും :ദേവസ്വം പ്രസിഡണ്ട് പി എസ് പ്രശാന്ത്

ശബരിമല : അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പോലീസും ശബരിമലയിൽ ചെയ്യുന്നതെന്നും ഇതിനായി ദേവസ്വം ബോർഡും പോലീസും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് വാർത്താ കുറിപ്പിൽ അറിയിച്ചു. മകരവിളക്ക് ഉൽസവത്തിനായി നടതുറന്ന ഡിസംബർ 30 മുതൽ ഇന്നു വരെ വൻ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഓരോ ദിവസവും ശരാശരി 1 ലക്ഷം ഭക്തർ വീതം പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി മലയിറങ്ങുന്നുണ്ട്. പുൽമേട് വഴി സന്നിധാനത്തിലേക്ക് അയ്യപ്പ സ്വാമിദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഇക്കുറി കാര്യമായ വർദ്ധനയുണ്ട്. ഭക്തരുടെ തിരക്ക് വർദ്ധിച്ചിട്ടും എല്ലാ ഭക്തർക്കും സുഗമമായ അയ്യപ്പ ദർശനം സാധ്യമാക്കുക എന്ന ദൗത്യത്തോടെയാണ് സുരക്ഷാ ചുമതലയും ഒപ്പം തിരക്ക് നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്ന സംസ്ഥാന പോലീസ് സേനാംഗങ്ങൾ ശബരിമലയിൽ പ്രവർത്തിക്കുന്നത്.

ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്ലൈ ഓവറിലും ക്ഷേത്ര സോപാനത്തിനുമുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മാളികപ്പുറങ്ങൾക്കുമായി ദർശനത്തിന് തിരുമുറ്റത്ത് ഒരുക്കിയിട്ടുള്ള പ്രത്യേക ഗേറ്റ് സംവിധാനം ഭക്തർക്ക് ഏറെ സഹായകരമായിരിക്കുന്നു. പതിനെട്ടാംപടി കയറി വരുന്ന അയ്യപ്പൻമാർക്ക് അതുകൊണ്ട് തന്നെ നല്ല ദർശനമാണ് സാധ്യമാകുന്നത്. മാളികപ്പുറങ്ങളും പ്രായമായവരും കുട്ടികളും അടക്കം പതിനെട്ടാംപടി കയറുമ്പോൾ അവർക്ക് അപകടം പറ്റാതെ സുരക്ഷിതമായി അവരെ പതിനെട്ടു പടികളും കയറ്റി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ അവർക്ക് അയ്യപ്പദർശനത്തിനുള്ള വഴി ഒരുക്കുകയാണ്. അയ്യപ്പ ഭക്തരോട് സംയമനത്തോടെയും നല്ല രീതിയിലുമുള്ള പെരുമാറ്റവും ഇടപെടലും നടത്തണമെന്നും ഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നുമുള്ള നിർദ്ദേശമാണ് ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയിലുള്ള ദേവസ്വം ഗാർഡുമാർക്കും ദേവസ്വം ജീവനക്കാർക്കും പോലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നൽകിയത്.

ഭക്തർക്ക് നേരെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആ വിഷയത്തെ ഗൗരവത്തോടെ കണ്ട് പോലീസുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ദേവസ്വം പ്രസിഡണ്ട് വാർത്താക്കുറിപ്പിൽ പറഞ്ഞു. പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി മുഴുവനാളുകളും കൂട്ടായി പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് കണക്കിലെടുത്ത് 14-ാം തീയതി 50,000 പേർക്കും 15-ാം തീയതി 40,000 പേർക്കും മാത്രമെ ഓൺലൈൻവെർച്വൽ ക്യൂ ടിക്കറ്റ് നൽകിയിട്ടുള്ളൂ. സ്പോട്ട് ബുക്കിംഗ് സംവിധാനം 10-ാം തീയതി മുതൽ ഉണ്ടായിരിക്കില്ല. ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പൻമാർ അവരുടെ സുരക്ഷയെ മുൻനിറുത്തി ദേവസ്വം ബോർഡും പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ്, ഫോറസ്റ്റ്, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും മുഖവിലക്കെടുത്ത് തീർത്ഥാടനം നടത്തി മടങ്ങണമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് ഭക്തരോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!