
ഒരു തുടക്കകാരി എന്ന നിലയിലാണ് സിനിമ നിർമാണത്തിന്റെ ഒരു ഘട്ടത്തെയും ഞാൻ സമീപിക്കുന്നത് – തനിഷ്ഠ ചാറ്റർജി

ഐഎഫ് എഫ്കെയെ വ്യത്യസ്തമാക്കുന്നത് സജീവ ജനപങ്കാളിത്തം

(ഇന്റർവ്യൂ – തനിഷ്ഠ ചാറ്റർജി)
ചോദ്യം: ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഫുൾ പ്ലേറ്റ് പ്രദർശിപ്പിച്ചപ്പോൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള പ്രേക്ഷകർ അമ്രീനിന്റെ കഥ എങ്ങനെ സ്വീകരിച്ചു
ഉത്തരം: ബുസാനിലെയും, ധർമ്മശാലയിലേയും പ്രേക്ഷകരുടെ പ്രതികരണം തികച്ചും സന്തോഷം നൽകുന്നവയായിരുന്നു. സബ്ടൈറ്റിൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്യുമ്പോൾ നർമ്മം നഷ്ടപ്പെട്ടേക്കുമെന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ചലച്ചിത്രമേളകളിൽ ഫുൾ പ്ലേറ്റ് ജനപ്രീതി നേടി.

ചോ: നടിയിൽ നിന്നും ഒരു സംവിധായകയിലേക്കുള്ള പരിവർത്തനം എങ്ങിനെയായിരുന്നു?
ഉ: ഒരു സംവിധായകയിലുപരി ഞാൻ ഒരു അഭിനേത്രിയാണ്. അഭിനയയാത്രയിൽ ഉപയോഗിക്കുന്ന അതേ രീതികളാണ് സംവിധാനത്തിലും പിന്തുടർന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് അനുസൃതമായാണ് ഞാൻ തിരക്കഥ എഴുതിയത്.
ചോ: താങ്കൾക്ക് കാൻസർ നാലാം ഘട്ടത്തിലായ വേളയിലാണ് ഫുൾ പ്ലേറ്റ് നിർമിച്ചത്. സിനിമ താങ്കളെ സുഖപ്പെടുത്താൻ സഹായിച്ചുവെന്ന് പറഞ്ഞിരുന്നു. അത് എപ്രകാരമായിരുന്നു
ഉ: സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു എന്റെ കീമോ ചെയ്തിരുന്നത്. എഡിറ്റിങ് പൂർത്തിയായിരുന്നെങ്കിലും മറ്റു പണികൾ ബാക്കിയായിരുന്നു. സംഗീതം ആസ്വദിക്കുകയും ചിത്രത്തിന്റെ സാങ്കേതിക തലങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്ന ആ സമയം, എന്റെ ജീവിതം ഇതാ അവസാനിക്കാൻ പോകുകയാണ് എന്ന തോന്നൽ എനിയ്ക്ക് തെല്ലും വന്നില്ല. മറിച്ച് അവ എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം നൽകി.
ചോ: സിനിമ നൽകിയ അനുഭവങ്ങളിൽ നിന്നുള്ള പാഠം എന്താണ് ?
ഉ: ഒരു തുടക്കകാരി എന്ന നിലയിലാണ് സിനിമ നിർമാണത്തിന്റെ ഒരു ഘട്ടത്തെയും ഞാൻ സമീപിക്കുന്നത്. പുതിയ കാര്യങ്ങളെ കൂടുതൽ ആഴത്തിലറിയാനും പഠിക്കാനും ശ്രമിക്കുന്നതിലൂടെയാണ് ഓരോ സിനിമയും കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാധിക്കുന്നത്.
ചോ: മറ്റ് രാജ്യാന്തര ചലച്ചിത്രമേളകളിൽ നിന്ന് ഐഎഫ് എഫ്കെയെ വ്യത്യസ്തമാക്കുന്നത് എന്താണ്
ഉ: സജീവ ജനപങ്കാളിത്തം. ജനം മേള ഏറ്റെടുക്കുന്നത് കൊണ്ട് തന്നെ സംവിധായകർക്ക് തങ്ങളുടെ സിനിമകൾ ലോകത്തോട് കാണിക്കുന്നതിനായുള്ള സുപ്രധാന വേദിയായി ഐഎഫ്എഫ്കെ മാറുന്നു.


