ശിവഗിരി തീര്‍ത്ഥാടന പുരസ്കാരം 2025 ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്

ശിവഗിരി: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠം ഇക്കൊല്ലം മുതല്‍ ഏര്‍പ്പെടുത്തുന്ന ശിവഗിരി തീര്‍ത്ഥാടന പുരസ്കാരത്തിന്‍റെ പ്രഥമ പുരസ്കാരത്തിന് കൊച്ചിയിലെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അര്‍ഹമായി.


ശ്രീനാരായണ ഗുരുദേവന്‍റെ കല്പനാനുസൃതം ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴില്‍, കച്ചവടം, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ട് ലക്ഷ്യങ്ങളെ ആധാരമാക്കി സമൂഹത്തിന്‍റെയും ലോകത്തിന്‍റെയും ആത്മീയവും ലൗകികവുമായ ഉന്നമനത്തിന് വിലപ്പെട്ട സംഭാവനകളാണ് നല്‍കിവരുന്നത്.

ഈ മേഖലകളുമായി ബന്ധപ്പെട്ടു സാമൂഹ്യപ്രതിബദ്ധതയോടെ ഗുരുദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ നിസ്തുലമായ സേവനം കാഴ്ച വെയ്ക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും മാതൃകയായിക്കണ്ട് സമാദരിക്കുകയെന്നതാണ് ഈ പുരസ്കാരത്തിന്‍റെ ലക്ഷ്യം.

ഈയിനത്തില്‍ ഇക്കൊല്ലത്തെ പ്രഥമപുരസ്കാരം നല്‍കുന്നതിന് പരിഗണിച്ചത് തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ ആദ്യത്തേതായ വിദ്യാഭ്യാസത്തിന്‍റെ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ്.മുന്‍ ചീഫ് സെക്രട്ടറിയും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. കെ ജയകുമാര്‍ I.A.S. അദ്ധ്യക്ഷനും, അഡീഷണല്‍ ഡി. ജി. പി. ശ്രീ. പി. വിജയന്‍, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ഡോ. വി. പി. ജഗതിരാജ് എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള ജൂറിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്.
ഗുരുദേവന്‍റെ വിദ്യാഭ്യാസദര്‍ശനത്തിന്‍റെ സ്വാധീനത്താലും പരോപകാരപരതയുടെ പ്രേരണയാലും കൊച്ചിയിലെ ചാലാക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കഴിഞ്ഞ 17 വര്‍ഷമായി മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും മികവാര്‍ന്ന സേവനം നടത്തി വരികയാണ്.

ധനം വിദ്യയാകും വിദ്യ സേവനമാകും എന്ന ഗുരുവചനം അന്വര്‍ത്ഥമാക്കും വിധം അക്കാദമിക് മികവും സാമൂഹ്യപ്രതിബദ്ധതയും അന്യജീവനുതകുമാറുള്ള കാരുണ്യവും മുന്‍നിര്‍ത്തി മാതൃകാപരമായ പ്രവര്‍ത്തനം തുടര്‍ന്ന വരുന്ന SNIMS ന് പുരസ്കാരം നല്‍കണമെന്ന ജൂറിയുടെ വിധിനിര്‍ണ്ണയത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമിയും ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറര്‍ സ്വാമി ശാരദാനന്ദയും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒരു ലക്ഷത്തിയൊന്നു രൂപയും പ്രശസ്തിപത്രവും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്കാരം ഡിസംബര്‍ 31 ന് രാവിലെ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ജേതാക്കള്‍ക്ക് നല്‍കും.


ശിവഗിരി തീര്‍ത്ഥാടനലക്ഷ്യങ്ങളിലെ തുടര്‍ന്നുള്ള ഓരോ മേഖലകളിലും മികവാര്‍ന്ന സംഭാവനകള്‍ അര്‍പ്പിക്കുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ വരുംവര്‍ഷങ്ങളിലും തീര്‍ത്ഥാടനപുരസ്കാരം നല്‍കി ആദരിക്കുമെന്നു ശിവഗിരി മഠം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!