10 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്.

സംസ്ഥാനത്തെ 10 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ പുന്നപ്ര സൗത്ത് കുടുംബാരോഗ്യ കേന്ദ്രം 94.12 ശതമാനം, തൃശൂര്‍ കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രം 92.91 ശതമാനം, തിരുവനന്തപുരം ചിറ്റാഴ ജനകീയ ആരോഗ്യകേന്ദ്രം 92.18 ശതമാനം, തിരുവനന്തപുരം കല്ലയം ജനകീയ ആരോഗ്യകേന്ദ്രം 90.56 ശതമാനം,

തിരുവനന്തപുരം കുന്നത്തുകാല്‍ ജനകീയ ആരോഗ്യകേന്ദ്രം 96.07 ശതമാനം, തിരുവനന്തപുരം ഏണിക്കര ജനകീയ ആരോഗ്യകേന്ദ്രം 87.27 ശതമാനം, കോട്ടയം മേമുറി ജനകീയ ആരോഗ്യകേന്ദ്രം 91.40 ശതമാനം, കണ്ണൂര്‍ കുട്ടാപറമ്പ ജനകീയ ആരോഗ്യകേന്ദ്രം 88.71 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കൂടാതെ 2 ആശുപത്രികള്‍ക്ക് 3 വര്‍ഷത്തിന് ശേഷം പുന:അംഗീകാരവും ലഭിച്ചു. കൊല്ലം തഴവ കുടുംബാരോഗ്യകേന്ദ്രം 94.97 ശതമാനം, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം 96.11 ശതമാനം എന്നിങ്ങനെയാണ് പുന: അംഗീകാരം നേടിയത്.

ഇതോടെ സംസ്ഥാനത്തെ ആകെ 290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 172 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 40 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ / നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!