

ഡെന്മാർക്ക് പ്രതിനിധി സംഘം മന്ത്രിമാരായ ഡോ. ആര്‍.ബിന്ദു, എം.ബി രാജേഷ്, വീണാ ജോര്‍ജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വയോജന പാലിയേറ്റീവ് പരിചരണ പദ്ധതികള്‍ മാതൃകാപരമെന്ന് ഡെന്മാർക്ക് സംഘം

ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗ പ്രതിനിധി സംഘം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.



പാലിയേറ്റീവ് പരിചരണം, വയോജന പരിചരണം എന്നിവയില്‍ കേരളവും ഡെന്‍മാര്‍ക്കും നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. കേരളം നടപ്പിലാക്കിവരുന്ന വയോജന പാലിയേറ്റീവ് പരിചരണ പദ്ധതികള്‍, വയോജന കമ്മീഷന്‍ മുതലായവ മാതൃകാപരവും അനുകരണീയവുമാണെന്ന് ഡെന്‍മാര്‍ക്ക് സംഘം അഭിപ്രായപ്പെട്ടു.


കുടുംബശ്രീ വഴി നടപ്പിലാക്കുന്ന വിവിധ വയോജന, പാലിയേറ്റീവ് പരിചരണ പദ്ധതികള്‍, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ പദ്ധതി, പകല്‍വീട്, മന്ദഹാസം, സമൂഹാടിസ്ഥാനത്തിലുളള സംരക്ഷണപദ്ധതികള്‍ മുതലായവ മന്ത്രിമാര്‍ ഡെന്‍മാര്‍ക്ക് സംഘത്തോട് വിശദീകരിച്ചു.

കേരളം നടപ്പിലാക്കി വരുന്ന വയോജന പാലിയേറ്റീവ് പരിചരണ പദ്ധതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി ബന്ധപ്പെട്ട വകുപ്പുകളുമായി തുടര്‍ ആശയവിനിമയം നടത്തുമെന്ന് മെറ്റെ കിയർക്ക്ഗാർഡ് പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി തുടങ്ങിയവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

