വിളപ്പിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് കെ ജി എം ഒ എ

പത്രക്കുറിപ്പ്

2026 ജനുവരി 19-ന് വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രാത്രി ഏകദേശം 1.30-ഓടെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ട രോഗി മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

എന്നാൽ പ്രസ്തുത രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്.
ആശുപത്രിയുടെ പ്രധാന കവാടം എല്ലായ്പ്പോഴും തുറന്ന നിലയിലായിരുന്നു. ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഗ്രിൽ വാതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അടച്ചിടാറുള്ളത്.
പ്രസ്തുത രോഗി ആശുപത്രിയിലെത്തുകയും വിളിക്കുകയും ചെയ്തതിന് മിനിറ്റുകൾക്കകം തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിക്കുകയും അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്തു.

ഈ കാര്യങ്ങൾ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് രോഗാവസ്ഥ വിലയിരുത്തി, മിനിറ്റുകൾക്കകം ആംബുലൻസ് സജ്ജമാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ റഫർ ചെയ്യുകയും ചെയ്തു.

മാനവവിഭവ ശേഷിയുടെ ഗുരുതര കുറവിനിടയിലും, 24 മണിക്കൂറും ആതുര സേവനം നൽകിവരുന്ന വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകുന്ന പരമാവധി ചികിത്സ രോഗിക്ക് നൽകിയിട്ടുണ്ട് എന്നത് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ വ്യക്തമാക്കുന്നു.
അത്യാഹിത വിഭാഗം (Casualty) നിലവിലില്ലാത്ത സാഹചര്യത്തിൽ പോലും ആശുപത്രി 24 മണിക്കൂറും സേവനം നൽകിവരികയാണ്.
പ്രസ്തുത രോഗി മുൻപ് തന്നെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിൽ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, സംഭവം
നടക്കുന്നതിന് രണ്ട് ദിവസം മുൻപ് രാത്രി ഇതേ ബുദ്ധിമുട്ടുമായി ആശുപത്രിയിൽ എത്തുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നുവെന്നും രേഖകളിലുണ്ട്. അന്ന് തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം തേടണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും, ദൗർഭാഗ്യവശാൽ രോഗി അത് സ്വീകരിച്ചിരുന്നില്ല.

ഇത്തരം
യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ, ചികിത്സ നിഷേധിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ സേവനത്തെ അപമാനിക്കുന്നതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
കൂടാതെ, 2026 ജനുവരി 24-ന് ചില രാഷ്ട്രീയ പ്രവർത്തകർ ആശുപത്രിയിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും ജീവനക്കാരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയത് അത്യന്തം അപലപനീയമാണ്.
വെറും മൂന്ന് ഡോക്ടർമാരുടെ സ്ഥിരം തസ്തികകളോടെയും നഴ്സിംഗ് സ്റ്റാഫിന്റെ സ്ഥിരം തസ്തികകളില്ലാത്ത സാഹചര്യത്തിലുമാണ് ആശുപത്രി പ്രവർത്തിക്കുന്നത്. താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് 24 മണിക്കൂറും ഇൻപേഷ്യന്റ് സേവനം ഉൾപ്പെടെ ജനങ്ങൾക്ക് ചികിത്സ നൽകിവരുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ ആത്മാർത്ഥമായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മാനസികമായി തളർത്തുകയും ആശുപത്രിയുടെ നല്ല പേരിന് മങ്ങലേൽപ്പിക്കുകയും ചെയ്യുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല.
ഡോക്ടർമാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആശുപത്രി പ്രവർത്തനം അട്ടിമറിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമം പ്രയോഗിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ ഘടകം ശക്തമായി ആവശ്യപ്പെടുന്നു.

ഡോ. സുനിത. എൻ
ജില്ലാ പ്രസിഡണ്ട്

ഡോ. ബിന്ദുധരൻ
സെക്രട്ടറി

കെ ജി എം ഒ എ
തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!