ശബരിമല കൊടിമര പുനനിർമാണക്കേസ് : എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്

ശബരിമല കൊടിമര പുനനിർമാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകൾ കൈമാറാൻ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലൻസ് കത്ത് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നും എസ് ഐ ടി യലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകൾ വിട്ടു കിട്ടാനാണ് കത്ത് നൽകുക. ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം നിലവിൽ എസ് ഐ ടി യുടെ കസ്റ്റഡിയിലാണ്. രേഖകൾ പിരശോധിച്ചാണ് ഓരോരുത്തരുടെയും മൊഴികളടക്കം രേഖപ്പെടുത്തേണ്ടത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എസ് പി മഹേഷ് എസ് ഐ ടിക്ക് കത്ത് നൽകും.

കഴിഞ്ഞ ദിവസം ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നായിരുന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം, ചോദ്യം ചെയ്യലിൽ നടൻ ജയറാമിൽ നിന്ന് സാമ്പത്തിക ഇടപാടുകളെ പറ്റി വ്യക്തത വരുത്താനാണ് ഇ ഡി ശ്രമിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ജയറാമിനെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ തീരുമാനം. പോറ്റിയുമായി ബന്ധമുള്ള മറ്റ് 10 പേർക്ക് കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!