എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു. എന്നാൽ, കുറ്റപത്രത്തിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിഭാഗത്തിന്‍റെ വാദം 26ന് തലശ്ശേരി സെഷൻസ് കോടതി കേള്‍ക്കും.

എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ തലശ്ശേരി സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി തുടർവാദത്തിനായി സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ സംഘത്തിന്‍റെ ഭാഗമായിരുന്ന റിട്ടയർട്ട് എസിപി ടികെ രത്നകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കേസ് നീട്ടികൊണ്ടുപോകാനുളള നീക്കമാണ് തുടന്വേഷണ ഹർജിയെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!