പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി ഹരിതകർമ്മ സേനാംഗങ്ങൾ. ഇടവ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ഹരിതകർമ്മസേനാംഗങ്ങളായ വെൺകുളം വലിയവിള വീട്ടിൽ കസ്തൂരി, മങ്ങാട്ട് ചരുവിള വീട്ടിൽ ബിനിത എന്നിവരാണ് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകിയത്. വെറ്റക്കട കുഴിയം ഹൗസിൽ സബീദയുടെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ വേർതിരിക്കവെയാണ് കവറിനുള്ളിൽ സ്വർണമോതിരം കണ്ടത്.

ഉടമയുടെ വീടിന് സമീപത്ത് വച്ച് തന്നെ മാലിന്യം വേർതിരിക്കാൻ തുടങ്ങിയതിനാൽ ശരിയായ ഉടമയെ ഉടൻതന്നെ കണ്ടെത്താൻ സാധിച്ചു. സബീദയുടെ വീട്ടിൽ സ്ഥിരമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനെത്തുന്നവരാണ് കസ്തൂരിയും ബിനിതയും. മോതിരം തിരികെ നൽകിയതിന് സബീദ ഇവരോട് നന്ദി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്കും സെക്രട്ടറി അനിൽകുമാറും ഇവരെ അഭിനന്ദിച്ചു.

