ഇടവ ബഡ്ജറ്റ് : പാർപ്പിടത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും മുൻഗണന

ഇടവ : പാർപ്പിടത്തിനും ദാരിദ്ര്യ നിർമാർജ്ജനത്തിനും മുൻഗണന നൽകുന്ന ഇടവ ഗ്രാമപഞ്ചായത്തിന്റെ 2026 – 27 വർഷത്തെ ധനകാര്യ ബഡ്ജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി പൂർത്തീകരിക്കുന്നതിനും ഭാവിയിലെ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി 4.32 കോടി രൂപയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി 5.73 കോടി രൂപയും വകയിരുത്തുന്ന ബഡ്ജറ്റാണ് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വൈസ് പ്രസിഡന്റുമായ പി.സി. ബാബു അവതരിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷയായിരുന്നു.
കാർഷിക മേഖലയ്ക്കായി 45 ലക്ഷവും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 35 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൽപാദന മേഖലയുടെ ഉണർവിനായി വകയിരുത്തിയിട്ടുണ്ട്. മത്സ്യ അനുബന്ധ മേഖലയ്ക്കായി 15 ലക്ഷവും,വയോജന ക്ഷേമത്തിനായി 15. 6 ലക്ഷവും, വനിതാ ശിശു ക്ഷേമത്തിനായി 55 ലക്ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗജന്യ ചികിത്സ ഫലപ്രദമാക്കുന്നതിനായി ആരോഗ്യ മേഖലയ്ക്ക് 42 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി 15. 6 ലക്ഷവും ശുചിത്വ മേഖലയ്ക്കായി 30 ലക്ഷം രൂപയും പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി 35. 6 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനുമായി പശ്ചാത്തല മേഖലയിൽ 1.4 കോടി രൂപയും, ആസ്തികൾ പരിപാലിക്കുന്നതിനായി 1.16 കോടി രൂപയും, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 28 ലക്ഷം രൂപയും, പ്രവാസികളുടെ ക്ഷേമത്തിനായി 9 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.


ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെട്ട ഇടവയുടെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും അതുവഴി യുവജനങ്ങൾക്ക് വ്യവസായവും തൊഴിലും ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 4 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. അഗതികളെയും ആശ്രീതരെയും മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി പത്തുലക്ഷം രൂപയും, വ്യവസായ തൊഴിൽ മേഖലയുടെ പരിപോഷണത്തിനായി മൂന്നുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

വയോജന പാർക്ക്, ബഡ്സ് സ്കൂൾ, എംസിഎഫ്, ടേക്ക് എ ബ്രേക്ക് എന്നിവ സാധ്യമാക്കുമെന്നും ബജറ്റിൽ പരാമർശിക്കുന്നു. 38.58 കോടി രൂപ വരവും 37.26 കോടി രൂപ ചിലവും 1.32 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
അവതരണ യോഗത്തിൽ മുഴുവൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!