കൊല്ലം പുനലൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. ലീഗ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സംവിധാനമാണ് തങ്ങള്‍ക്ക് പ്രധാനപെട്ടതെന്ന് കോണ്‍ഗ്രസ്. പുനലൂരില്‍ ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കാനും തീരുമാനമായി. മുന്നണി ധാരണകള്‍ പാലിക്കുക എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടമയെന്ന് നെല്‍സണ്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റിയില്‍ ലീഗ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസിനെ പിന്മാറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നെല്‍സണ്‍ സെബാസ്റ്റ്യന്‍ ഷാള്‍ അണിയിച്ചു. നൗഷാദ് യൂനുസ് നാളെ പത്രിക സമര്‍പ്പിക്കും.

തെക്കന്‍ കേരളത്തിലെ ലീഗിന്റെ ഏക സീറ്റാണ് പുനലൂര്‍. ഇത്തവണ ലീഗ് പുനലൂരിന് പകരം ചടയമംഗലം ചോദിച്ചിരുന്നു. എന്നാല്‍ പുനലൂര്‍ ഇത്തവണയും ലീഗിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. പുനലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിജയം സുനിശ്ചിതമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, നേതൃത്വത്തില്‍ നിന്ന് ഒരു അനുകൂല തീരുമാനം ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പുനലൂരില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഡിസിസി ട്രഷററും യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ നെല്‍സണ്‍ സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലീഗ് സ്ഥാനാര്‍ഥിയായി നൗഷാദ് യൂനുസിനെ നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
