‘അതിജീവിതയ്ക്കൊപ്പം’, കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് രമേഷ് പിഷാരടി

ജോലി വാ​ഗ്ദാനം ചെയ്ത് പാലക്കാട് ന​ഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അതിനായി ഇവിടുത്തെ നിയമ സംവിധാനങ്ങൾ നടപടിയെടുക്കണമെന്നും അവരോടൊപ്പമാണ് താനെന്നും രമേഷ് പിഷാരടി പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും രമേഷ് പിഷാരടി പറഞ്ഞു.

അതോടൊപ്പം ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും പിഷാരടി പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ അനുഭവിച്ച പ്രശ്നങ്ങളും അടുത്ത 5 വർഷത്തേക്കുള്ള പ്രതീക്ഷകളുമാണ് വോട്ടു ചെയ്യുന്ന ജനങ്ങൾ പരിഗണിക്കുക എന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു. അതേസമയം യുവതിയുടെ പരാതിയിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ എം പ്രശോഭിനെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനും പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരു പറ‍ഞ്ഞും പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!