

ഇടവയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
വർക്കല: ഇടവ ശ്രീ എയിറ്റ് കടപ്പുറത്ത് കുളിക്കാനിറങ്ങിയ ടൂറിസ്റ്റ് സംഘത്തിലെ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു. ഒഡീഷ സ്വദേശിനിയും ബാംഗ്ലൂരിൽ പഠിച്ചുവരുന്ന വിദ്യാർത്ഥിനിയുമായ പ്രിയങ്ക (19) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
കൂടയുണ്ടായിരുന്ന സാനിയ (20), റെസ്ദ (22), പ്രജി (23) എന്നിവരെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.

ഒഡീഷ സ്വദേശികളായ ഇവർ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി പഠനം നടത്തിവരികയായിരുന്നു. അവധി ആഘോഷിക്കാനായാണ് ഇവർ വർക്കലയിൽ എത്തിയത്.

കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ ലൈഫ് ഗാർഡുമാരും സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പ്രിയങ്കയെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



