ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്, കാരവാനിൽ പരിശോധന നടത്തും

യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. സംഭവസമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രഞ്ജിത്തിനെ തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. രഞ്ജിത്ത് നടത്തിയത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് അസുഖമുണ്ടെന്നും നേരത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. കാരവാനിലേക്ക് വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇടുക്കി എസ്.പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ശേഷം വലിയ രീതിയിലുള്ള മാനസികാഘാതം നേരിട്ടതായും കൗൺസിലിംഗിന് ശേഷമാണ് പരാതി നൽകാൻ ധൈര്യം സംഭരിച്ചതെന്നും നടി വെളിപ്പെടുത്തി. നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!