സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.
ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ പണിമുടക്കിയത്.
തുടർന്നു നഴ്സുമാർ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയിൽ കോടതി മുൻപ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ചില ആശുപത്രികളിൽ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്മെന്റുകൾ കോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

തുടർന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്മെന്റുകൾക്കു നിയമപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളിൽ നിന്നു സംരക്ഷണം വേണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
kerala high court has given permission to hospital managements to proceed with legal disciplinary action against the striking nurses
Kerala High Court,Disciplinary action,striking nurses,
