മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ലജ്ജാകരമാണെന്നും എല്ലാ ധാര്‍മ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടുവെന്നും ജയ്‌റാം രമേശ് പറഞ്ഞു. തന്റെ യജമാനന്റെ രാഷ്ട്രീയ നേട്ടത്തിനായി ജനാധിപത്യത്തെ ബലി നല്‍കാന്‍ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓര്‍ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസയച്ചത്. കേന്ദ്രമന്ത്രിമാർ നൽകിയ പരാതിയിലായിരുന്നു നടപടി. 24 മണിക്കൂറിനകം മറുപടി നൽകണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ഖര്‍ഗെ നരേന്ദ്രമോദിയെ തീവ്രവാദിയെന്ന് വിളിച്ചത്. അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എഐഎഡിഎംകെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു തീവ്രവാദിയുമായി കൈകോര്‍ക്കുന്നു എന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബിജെപി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.

പരാമര്‍ശം വിവാദമായതോടെ ഖര്‍ഗെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നയാളാണ് എന്നാണ് ഉദ്ദേശിച്ചതെന്നുമാണ് ഖര്‍ഗെ വിശദീകരിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് താന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!