‘നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങള്‍’; മൂവാറ്റുപുഴയിൽ ഫ്ലക്സ് ബോര്‍ഡ്

വി. ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർ‍‍‍ഡ്. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സ്ഥാപിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ബോർഡിൽ രേഖപ്പെടുത്തിയിട്ടില്ല. വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലർത്തുന്ന ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരുള്ള മേഖലയാണ് കിഴക്കേക്കര. ബോർഡ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം എടുത്തുമാറ്റി. നേതൃത്വത്തിന്‍റെ നിർദേശം മറികടന്ന് ബോർഡ് സ്‌ഥാപിച്ചതിനു പിന്നിൽ സതീ ശൻ അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പരിശോധിക്കുന്നതായി മൂവാറ്റുപുഴയിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ഇന്നലെ വിഡി സതീശനായി കോഴിക്കോടും മലപ്പുറത്തും ആലുവയിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റനെന്ന് എഴുതിയ ഫ്ലക്സ് ആണ് കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം ഇന്നലെ സ്ഥാപിച്ചത്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിർപ്പിന് ഇടയാക്കുമെന്നും ഫ്ലക്സിൽ മുന്നറിയിപ്പുണ്ട്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്ലക്സ്. ആലുവ യുസി കോളേജിന് സമീപം കേരളം വിഡിക്കൊപ്പം എന്നെഴുതിയ ഫ്ലക്സും പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് പ്രവർത്തകർ കടുങ്ങല്ലൂർ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്.

മലപ്പുറം വണ്ടൂരിൽ കെസി വേണുഗോപാലിന്‍റെ വിശ്വസ്ഥൻ എപി അനിൽകുമാറിന്‍റെ മണ്ഡലത്തിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ് ഇന്നലെ പ്രത്യക്ഷപ്പെട്ടിരുന്നു. വി.ഡി.എസ് നയിക്കും, കേരളത്തിന്‍റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്ന വാചകങ്ങളാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരുന്നത്. വണ്ടൂർ ബൈപാസ് റോഡിലും പൂക്കളത്തുമാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ തവനൂരിലും വിഡി സതീശനെ പിന്തുണച്ച്‌ ഫ്ലക്സ്‌ ബോർഡ്‌ സ്ഥാപിച്ചിരുന്നു. അതേസമയം, വി ഡി സതീശനെ അനുകൂലിച്ചു വണ്ടൂരിൽ സ്ഥാപിച്ച രണ്ടു ബോർഡുകളും കീറി നശിപ്പിക്കുകയും ചെയ്തു. വണ്ടൂർ ബൈ പാസ്സ് റോഡിലും, പൂക്കളത്തും വെച്ച ബോർഡുകളാണ് കീറി നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!