
സഹകരണ മേഖലയ്ക്ക് ‘ആശ്വാസ്‘
നിക്ഷേപക താത്പര്യം സംരക്ഷിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ
തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസമായി സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ‘ആശ്വാസ്- 2026’. 100 ദിന കർമപരിപാടിയായ ‘ആശ്വാസ്- 2026’ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് മുടങ്ങിയതിനാൽ വർധിച്ചുവരുന്ന കുടിശ്ശികയോ നിഷ്ക്രിയ ആസ്തിയോ കുറച്ച് നിക്ഷേപകരുടെ താത്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യം.

‘ആശ്വാസ്-2026’ കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവെയ്ക്കുന്നതാണ് പ്രത്യേകത. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യും. മാരക രോഗം ബാധിച്ചവരുടെ വായ്പകളിലും മാരക രോഗം ബാധിച്ചവർ കുടുംബാംഗങ്ങളായുള്ളവരുടെ വായ്പകളിലും വായ്പക്കാരന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15 ശതമാനം വരെ അധിക പലിശയിളവ് കൂടി നൽകാൻ കഴിയും. അതിദാരിദ്ര്യപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയിൽ മുതൽത്തുക മാത്രം ഈടാക്കിയും ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം വരെയുള്ളവയിൽ പലിശയുടെ 50 ശതമാനം ഇളവ് നൽകിയും വായ്പ അവസാനിപ്പിക്കാനാവും. 5 ലക്ഷത്തിന് മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 25 ശതമാനം വരെ പലിശയിളവ് നൽകാനാവും. 25 ലക്ഷത്തിന് മുകളിൽ 50 ലക്ഷം വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15 ശതമാനം വരെ പലിശയിളവ് നൽകാൻ കഴിയും.

2 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ ആർബിട്രേഷൻ/എക്സിക്യൂഷൻ ഫീസ്, കോടതി/പരസ്യച്ചെലവുകൾ എന്നിവ സംഘങ്ങൾക്ക് ഒഴിവാക്കുന്നുമുണ്ട്. സ്വർണ്ണപ്പണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെ കാലാവധി കഴിഞ്ഞ എംഡിഎസ്/എംഎസ്എസ് ഉൾപ്പടെയുള്ള എല്ലാ വായ്പകളും ഈ പദ്ധതിയിൽ ഉൾപ്പെടും. 50,000 രൂപ വരെയുള്ള വായ്പകളിൽ 5 വർഷവും അതിലും കൂടുതൽ കുടിശ്ശികയാണെങ്കിൽ പലിശയുടെ 50 ശതമാനവും ഒന്ന് മുതൽ നാല് വർഷം വരെ കുടിശ്ശികയാണെങ്കിൽ പലിശയുടെ 10 ശതമാനം മുതൽ 40 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്. 50,000- ത്തിന് മുകളിൽ 5 ലക്ഷം വരെയുള്ള വായ്പകളിൽ വായ്പയെടുക്കുന്ന സമയത്തുള്ള പലിശ നിരക്കോ ഇപ്പോഴുള്ള പലിശ നിരക്കോ, ഏതാണോ കുറവ്, ആ നിരക്കിൽ പലിശ കണക്കാക്കി വായ്പ അവസാനിപ്പിക്കാനാവും. പലിശ മുതലിനേക്കാൾ അധികരിച്ചാൽ പലിശ മുതലിനോടൊപ്പം ക്രമീകരിച്ച് വായ്പ അവസാനിപ്പിക്കാം. പലിശ മുതലിനേക്കാൾ അധികരിക്കാത്തവയിൽ പരമാവധി 25 ശതമാനം വരെ പലിശയിളവും നൽകാനാവും.

കാലാവധി കഴിഞ്ഞ ഓവർഡ്രാഫ്റ്റ് /ക്യാഷ് ക്രെഡിറ്റ് എന്നിവയിലെ ബാക്കിനില്പിൽ പരമാവധി 10 ശതമാനം വരെ ഇളവ് നൽകാൻ കഴിയും. കൃത്യമായി വായ്പാത്തവണ തിരിച്ചടക്കുന്നവർക്ക് അടച്ച പലിശയിൽ 5 ശതമാനം ഇളവ് നൽകാനാവും. ആർബിട്രേഷൻ കേസിനെ തുടർന്നുള്ള എല്ലാ ജപ്തി -ലേല നടപടികളും ഈ പദ്ധതി കാലയളവിൽ ഒഴിവാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.

