‘രാമക്ഷേത്രം തകർക്കും’; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെന്ന് ഭീഷണി;യുവാവ് അറസ്റ്റിൽ

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ടാണ് പൊലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള ഇന്റെഖാബ് ആലം (21) എന്ന യുവാവാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച എമർജൻസി നമ്പറിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. തന്റെ പേര് ഛോട്ടാ ഷക്കീൽ ആണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അവകാശപ്പെട്ടു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്നുമായിരുന്നു സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽനിന്നു ആലം പിടിയിലാവുന്നത്.

പ്രതി വിളിച്ച മൊബൈൽ നമ്പർ ഇയാളുടെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മാനസിക അസ്വസ്ഥതയുണ്ടെന്നു തോന്നുന്നതായും അരാരിയ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു. കേസെടുത്ത പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!