ആലപ്പുഴ മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായ സ്വാമി അസ്പര്‍ശാനന്ദ സമാധിയായി

ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് അംഗവും ധര്‍മ്മസംഘം ശാഖാ സ്ഥാപനമായ ആലപ്പുഴ മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായ സ്വാമി അസ്പര്‍ശാനന്ദ (63) സമാധിയായി. ഇന്നലെ പുലര്‍ച്ചെ നെഞ്ച് വേദനയെ തുടര്‍ന്ന് ചേര്‍ത്തല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി മുനീയറ നീലകണ്ഠന്‍ കുഞ്ഞുമോനും കാര്‍ത്യായനിയും ആയിരുന്നു മാതാപിതാക്കള്‍. 1960 ജൂലൈ 7 ന് പൂയം നക്ഷത്രത്തിലായിരുന്നു ജനനം. ശിവദാസനെന്നായിരുന്നു പൂര്‍വ്വാശ്രമത്തി ലെ പേര്. മാതാപിതാക്കളുടെ മൂത്തമകനായിരുന്നു ശിവദാസന്‍. പ്രൊഫ.എം. എച്ച്. ശാസ്ത്രി മുഖ്യാചാര്യനായിരുന്ന കാലത്താണ് ശിവദാസ് ബ്രഹ്മവിദ്യാലയത്തിലെത്തിയത്.

ബ്രഹ്മവിദ്യാലയ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭാരത പര്യടനം നടത്തി മടങ്ങിവന്ന ശേഷം 1987 ശാശ്വതീകാനന്ദ സ്വാമിയില്‍ നിന്നുമായിരുന്നു സന്യാസം സ്വീകരിച്ച് ശിവദാസ് സ്വാമി അസ്പര്‍ശാനന്ദയായത്. ശിവഗിരി മഠത്തിന്‍റെ ശാഖാ സ്ഥാപനങ്ങളായ എറണാകുളം ശങ്കരാനന്ദാശ്രമം തൃപ്പൂണിത്തുറ നരസിംഹാശ്രമം, ആലുവ അദ്വൈതാശ്രമം, കൊറ്റനല്ലൂര്‍ ബ്രഹ്മാനന്ദാലയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ചേര്‍ത്തലയില്‍ ശങ്കരാനന്ദ ശിവയോഗി സ്ഥാപിച്ച വിശ്വഗാജിമഠത്തിലെത്തിയത്. 26 വര്‍ഷക്കാലത്തെ വിശ്വഗാജി മഠത്തിലെ സേവനത്തിലൂടെ ആശ്രമം ശിവഗിരി മഠത്തിന്‍റെ ശ്രദ്ധേയമായ ശാഖാസ്ഥാപനങ്ങളിലൊന്നാക്കി മാറ്റി സ്വാമി. ക്ഷേത്രത്തോട് ചേര്‍ന്ന് ഗുരുദേവന്‍റേയും ശങ്കരാനന്ദ സ്വാമികളുടേയും പ്രതിഷ്ഠകളും സ്ഥാപിച്ചു. ഗുരുദേവ ദര്‍ശനവും കൃതികളും നാട്ടിലും മറുനാട്ടിലും എത്തിക്കുന്നതില്‍ സ്വാമി ശ്രദ്ധ പതിപ്പിച്ചിരുന്നു.

വിശ്വഗാജി മഠത്തോട് ചേര്‍ന്ന് വിവിധ തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിറ്റഴിച്ചുകൊണ്ട് നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വാമിക്കായി. കര്‍ക്കിടക മാസത്തില്‍ വിതരണം ചെയ്തുപോന്ന ഔഷധക്കഞ്ഞി വളരെ പേര്‍ വാങ്ങി ഉപയോഗിക്കുമായിരുന്നു. സമീപത്തുള്ള ജില്ലകളില്‍ പോലും ഈ ഔഷധക്കഞ്ഞി എത്തിക്കുന്നതിന് സ്വാമിക്ക് കഴിഞ്ഞു. ശിവഗിരിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകുന്നതിനു മുമ്പായി സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, ആരിഫ് എം.പി, മുന്‍യോഗം വൈസ് പ്രസിഡന്‍റ് എം.ഡി.ഗോപിദാസ് വിവിധ എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും ഭാരവാഹികളും പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിക്കുകയുണ്ടായി.

രണ്ട് മണിയോടെ ശിവഗിരിയിലെത്തിച്ച ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ശിവഗിരി അതിഥി മന്ദിരത്തിന് സമീപം വച്ചപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമിയുടെ ആരാധകരും സംഘടനാ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരുന്നു. വി. ജോയ് എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവരും ബോര്‍ഡംഗങ്ങളായ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി സാന്ദ്രാനന്ദ എന്നിവരുംരും സമാധിയിരുത്തല്‍ ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 31 ന് ശിവഗിരിയില്‍ സ്വാമിയുടെ മോക്ഷ ദീപം നടക്കും. വിവിധ ദേശങ്ങളില്‍ അനുസ്മരണയോഗങ്ങളും 41 ന് മണ്ഡല മഹോത്സവപൂജയും നടക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!