ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍
ഗുരുദേവന്‍റെ അപ്പോസ്തലന്‍ എന്ന് സച്ചിദാനന്ദ സ്വാമി

ശിവഗിരി : ശ്രീനാരായണഗുരുദേവന്‍റെ ജീവിതവും ദര്‍ശനവും പ്രചരിപ്പിക്കുന്നതില്‍ ക്രിസ്തുദേവന്‍റെ അപ്പോസ്തലന്‍മാരെപ്പോലെ വര്‍ത്തിച്ച മഹാപുരുഷനാണ് ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികളെന്ന് ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
തീര്‍ത്ഥര്‍ സ്വാമികളുടെ സമാധിദിനം ആചരിച്ചു കൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ശിവഗിരിമഠത്തിന്‍റെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു സ്വാമി. എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ഡയറക്ടറായും, വിവിധ യൂണിയനുകളുടേയും ശാഖകളുടേയും പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജനതയെ സന്‍മാര്‍ഗ്ഗനിരതവും ശുചിത്വപൂര്‍ണവുമായ ജിവിതത്തിലേക്കു നയിക്കുന്നതിനു വേണ്ടി ഗുരുദേവകല്പനപ്രകാരം കുളിസംഘം സ്ഥാപിച്ച മഹാനാണു തീര്‍ത്ഥര്‍സ്വാമി. ടി. കെ. മാധവന്‍ എസ്. എന്‍. ഡി. പി. യോഗത്തില്‍ അമ്പതിനായിരം അംഗങ്ങളെ ചേര്‍ത്ത് 108 ശാഖകള്‍ സ്ഥാപിച്ചു സംഘടനാശില്പി എന്നറിയപ്പെടുമ്പോള്‍ അതില്‍ തീര്‍ത്ഥര്‍ സ്വാമികള്‍ സ്ഥാപിച്ച തീരുവിതാംകൂര്‍ മഹാജനസഭയുടെ 66 യൂണിറ്റുകളും ആയിരക്കണക്കിനു അംഗങ്ങളും കൂടി ഉണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഇന്നു വിസ്മൃതിയിലാണ് . ശിവഗിരി മഹാസമാധിമന്ദിരം, ബ്രഹ്മവിദ്യാലയം ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി എന്നിവ സ്ഥാപിക്കുന്നതിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത് സ്വാമിയായിരുന്നു.
സമാധിപൂജയില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി അംബികാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി പരാനന്ദ, സ്വാമി യോഗാനന്ദ തീര്‍ത്ഥ, ശ്രീനാരായണതത്വതീര്‍ത്ഥ തുടങ്ങിയവര്‍ പങ്കെടുത്തു.

തീര്‍ത്ഥര്‍സ്വാമി സ്ഥാപിച്ച ശിവഗിരിമഠം ശാഖാ സ്ഥാപനം കുറിച്ചി അദ്വൈതവിദ്യാശ്രമത്തിലും സമാധിദിനാചരണം നടന്നു. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ഹോമം, പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരുന്നു. ആശ്രമം സെക്രട്ടറി കൈവല്യാനന്ദസരസ്വതി സ്വമികളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ഗുരുധര്‍മ്മ പ്രചരണസഭ ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്‍, ശിവഗിരിമഠം പിആര്‍ഒ. ഇ. എം. സോമനാഥന്‍, ടി എസ് സലിം, റിട്ട.അധ്യാപകന്‍ കുറിയാക്കോസ്, പി. എസ്. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്നദാനവും ഉണ്ടായിരുന്നു.

