വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാളെ അറസ്റ്റ് ചെയ്യണം KMJA തിരുവനന്തപുരം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: കോടതി പരിസരത്ത് വച്ച് റിപ്പോർട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവർത്തകയ്ക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് KMJA തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോടതി പരിസരത്ത് വച്ച് കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കിടയിലേക്ക് തള്ളി കയറിയ അക്രമി ‘ജനം’ ടിവിയിലെ മാധ്യമ പ്രവർത്തകയോട് അതിക്രമം കാട്ടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ചെറുത്തതോടെ ഇയാൾ കോടതിവളപ്പിലേക്ക് ഓടി രക്ഷപ്പെട്ടു. മാധ്യമ പ്രവർത്തക ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണങ്ങൾ നടക്കുന്നത് തുടർക്കഥയാകുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും KMJA തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



