ദക്ഷിണാഫ്രിക്കന്‍ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ഇതാദ്യമായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി. തെരഞ്ഞെടുപ്പില്‍ ദക്ഷിണാഫ്രിക്കയില്‍ തൂക്കുസഭയാണ് നിലവില്‍ വന്നത്.
400 അംഗ ദേശീയ അസംബ്ലിയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗബലം 159 ആയി കുറഞ്ഞു. നേരത്തെ എഎന്‍സിക്ക് 230 സീറ്റാണ് ഉണ്ടായിരുന്നത്. എഎന്‍സിയുടെ ജനപിന്തുണ 40.2 ശതമാനമായി കുറഞ്ഞു. 2019 ല്‍ ഇത് 57.5 ശതമാനമായിരുന്നു. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയന്‍സ് 21.6 ശതമാനവും മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പുതിയ പാര്‍ട്ടി 14.7 ശതമാനവും വോട്ടു നേടി.

ദക്ഷിണാഫ്രിക്കന്‍ വിമോചന സമരനായകന്‍ നെല്‍സണ്‍ മണ്ടേല നയിച്ചിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് 30 വര്‍ഷം മുമ്പാണ് രാജ്യത്തിന്റെ ഭരണത്തിലേറിയത്. ഇതാദ്യമായിട്ടാണ് രാജ്യത്ത് ന്യൂനപക്ഷ സര്‍ക്കാര്‍ വരാന്‍ പോകുന്നത്. തൊഴിലില്ലായ്മ, വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയവയിലുള്ള ജനരോഷമാണ് എഎന്‍സിക്ക് തിരിച്ചടിയായത്. ജനാധിപത്യത്തിന്റെ വിജയമെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസെ, കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അറിയിച്ചു. ദക്ഷിണാഫ്രിക്കയാണ് പ്രധാനം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് രാജ്യത്തിനായി പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് റാമഫോസെ അഭിപ്രായപ്പെട്ടു.
