ആമയിഴഞ്ചാൻ തോട് അപകടം: ‘സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ല’; ജോയിയെ പഴിചാരി കരാറുകാർ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കരാറുകാർ. അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്നാണെന്ന് സൂപ്പർവൈസർ കുമാർ കുറ്റപ്പെടുത്തി. സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ലെന്ന് സൂപ്പർവൈസർ കുമാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നപ്പോഴായിരുന്ന മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. അതേസമയം ജോയി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്. മാലിന്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ ചുമതലയെന്ന് വാദിക്കുകയാണ് സർക്കാർ. മാലിന്യനീക്കത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. മരിച്ച ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!