തിരുവനന്തപുരം: സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവ്വകലാശാലാ നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നത്.


ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർത്ഥി സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കലും വികേന്ദീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തലും ഗവേഷണ മേഖലയിൽ കാലികമായ മാറ്റത്തിന് കളമൊരുക്കലും അടക്കമുള്ള വിശാലമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ളവയാണ് ബില്ലിലെ വ്യവസ്ഥകൾ.

നിലവിലെ സർവ്വകലാശാല നിയമങ്ങളെല്ലാം എഴുപതുകളിലും എൺപതുകളിലുമാണ് രൂപീകരിച്ചത്. 1994 ലാണ് കേരളത്തിൽ സമഗ്രമായ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത്.

അപ്പോഴാണ് നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർപേഴ്‌സൺ, കോർപ്പറേഷൻ മേയർ തുടങ്ങിയ തസ്തികകൾ നിലവിൽ വരികയും അവ മുഴുവൻസമയ പ്രവർത്തനമായി മാറുകയും ചെയ്തത്.

അതിനു ശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും സമഗ്രമായ സർവ്വകലാശാലാനിയമ ഭേദഗതിക്കായി നിയമനിർമ്മാണം വരുമ്പോൾ അത്തരം പദവികൾക്കു കൂടി ആനുകൂല്യം നൽകാൻ തീരുമാനിച്ചത് സ്വാഭാവികമായാണ്. പക്ഷെ, ഈ ആനുകൂല്യം ഗവർണർ ഒപ്പിടുന്ന അന്നുമുതൽ മാത്രമാണ് പ്രാബല്യത്തിൽ വരിക. അതുകൊണ്ടുതന്നെ മുമ്പ് മേയർമാരോ പഞ്ചായത്ത് പ്രസിഡന്റുമാരോ ആയിരുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയില്ലെന്നത് സുവ്യക്തമാണ്.

സർക്കാർ നടത്തുന്ന വിവിധങ്ങളായ ഇടപെടലുകൾ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനു നേതൃത്വം വഹിക്കാനായതിന്റെ അഭിമാനം തീർച്ചയായും എനിക്കുണ്ട്. കൃത്രിമമായ ആരോപണങ്ങളുയർത്തി ഈ പ്രവർത്തനങ്ങൾ നയിക്കുന്നതിലെ ധാർമ്മികവീര്യം കെടുത്താമെന്നത് ആരുടെതായാലും വെറും വ്യാമോഹം മാത്രമാണ് – മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.


