ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോകമത പാര്‍ലമെന്‍റ് നവംബറില്‍ റോമില്‍ നടക്കും

ശ്രീനാരായണഗുരുദേവന്‍റെ ആത്മീയ നേതൃത്വത്തില്‍ ഇദംപ്രഥമമായി നടന്ന ആലുവ സര്‍വമത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ ഭാരതത്തിനകത്തും പുറത്തുമായി നടന്നു വരുന്നതിന്‍റെ ഭാഗമായി റോമില്‍ വെച്ച് നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളില്‍ ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോകമത പാര്‍ലമെന്‍റ് നടത്തുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു.

നവംബര്‍ 29ന് വൈകുന്നേരം സര്‍വമത സമ്മേളന സത്സംഗം നടത്തും. വിവിധ മതപ്രതിനിധികള്‍ പങ്കെടുക്കും. 30 ന് മാര്‍പാപ്പയുടെ സാനിദ്ധ്യത്തില്‍ നടക്കുന്ന സര്‍വ്വമതസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മതാചാര്യന്മാരും ദാര്‍ശനികരും പങ്കെടുക്കും. ഗുരുവിന്‍റെ ഏകമത ദര്‍ശനം, മതസമന്വയം, മതസൗഹാര്‍ദ്ദം മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടക്കും. ഗുരുദേവന്‍റെ മതദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ ലോക സമാധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. ബൈബിളിന്‍റേയും ക്രിസ്തുദേവന്‍റെയും ദര്‍ശനത്തിന്‍റെ വെളിച്ചത്താല്‍ മതസമന്വയ ദര്‍ശനം അവതരിപ്പിക്കും. ഡിസംബര്‍ ഒന്നിന് വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സ്നേഹസദസ്സ് ഉണ്ടാകും.

ഗുരുവിന്‍റെ ഏകലോകദര്‍ശനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തും. യു.എ.ഇ., ഇറ്റലി ഉള്‍പ്പെടെ യുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇതിനകം പങ്കെടുക്കുമെന്ന് കോഡിനേറ്റര്‍ മാരായ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ., ബാബുരാജ് ബഹറിന്‍ എന്നിവര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ശിവഗിരി മഠത്തില്‍ നിന്നും ശ്രീനാരായണ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 150 പ്രതിനിധികള്‍ ലോകപാര്‍ലമെന്‍റില്‍ പങ്കെടുക്കും. പോപ്പുമായി കൂടിക്കാഴ്ച യ്ക്കുള്ള മറ്റ് ക്രമീകരണവും ഉണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 20 നകം സ്വാമി വീരേശ്വരാനന്ദ, (7907111500), ഡോ.എം. ജയരാജു (9846369478) എന്നിവരുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!