വർക്കല: കാപ്പിൽ ബീച്ചിൽ
കാണാതായ മാധ്യമ പ്രവർത്തകന്റെ
മൃതദേഹം കണ്ടെത്തി. പരവൂർ
സ്വദേശിയായ ശ്രീകുമാറിന്റെ(47)
മൃതദേഹമാണ് കണ്ടെത്തിയത്.
ശ്രീകുമാർ കോയമ്പത്തൂരിൽ നിന്നും
വന്ന വിനോദയാത്ര സംഘത്തിനൊപ്പം
വർക്കലയിൽ നിന്നും വഴികാട്ടിയായി
ചേർന്നതാണ് എന്നാണ് ലഭിക്കുന്ന
വിവരം. ഇന്ന് രാവിലെ ഏഴരയോടെ
പരവൂർ പുത്തൂർ ഭാഗത്തുനിന്ന് പരവൂർ
പോലീസാണ് മൃതദേഹം കണ്ടെത്തിയത്..
കായലും കടലും ഒന്നായി ചേരുന്ന
പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോൾ
ശക്തിയായ അടിയൊഴുക്കിൽപ്പെട്ട്
ശ്രീകുമാറിനെ
കാണാതാവുകയായിരുന്നു. ഇന്നലെ
വൈകുന്നേരമായിരുന്നു സംഭവം.

വർക്കല ഫയർഫോഴ്സും അയിരൂർ
പോലീസും ചേർന്ന് ശ്രീകുമാറിനെ
കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തി.
കടലിന് സമീപത്തായി കായലിൽ
വെള്ളം കടലിലേക്ക് ഒഴുകുന്ന ഭാഗത്ത്
നിരവധി ആളുകൾ കുളിക്കാനും
മറ്റുമായി വെള്ളത്തിലിറങ്ങുന്നുണ്ട്.

കാഴ്ചയിൽ ജലാശയം ശാന്തമായി
കാണുന്നുണ്ടെങ്കിലും ശക്തിയായ
അടിയൊഴുക്കാണ് ഈ ഭാഗത്ത്
അനുഭവപ്പെടുന്നതെന്ന്
പ്രദേശവാസികൾ പറയുന്നു.
നൂറുകണക്കിന് വിനോദസഞ്ചാരികൾ
എത്തുന്ന കാപ്പിൽ ബീച്ചിൽ ഒരു ലൈഫ്
ഗാർഡ് മാത്രമേ ഉള്ളൂ. ശ്രീകുമാറിന്റെ
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ
കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.


