തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ഹരിതസഭ നവംബർ 14ന് നടത്തും

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി  നവംബർ 14ന് സംസ്ഥാനത്തെ  മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭ നടത്തും. മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ  പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി  വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക,ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ  സമൂഹത്തിനു പകർന്ന് നൽകൽ തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പുതുതലമുറകളിൽ മാലിന്യ നിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്തം നവകേരളത്തിന്  പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം സൃഷ്ടിക്കുന്ന വേദിയായി കുട്ടികളുടെ ഹരിതസഭകൾ മാറും. സംസ്ഥാനത്തൊട്ടാകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ഹരിതസഭ നവംബർ 14 ന് നടക്കും. രണ്ടര ലക്ഷത്തോളം സ്‌കൂൾ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുക.

ഒരു ഹരിതസഭയിൽ  150-200 കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ആൺ-പെൺ തുല്യാനുപാതത്തിലായിരിക്കും കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഹരിതസഭ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനവുമായി ഏകോപിപ്പിക്കുന്നതിന്  അതത് സ്കൂളുകളിലെ ഒരു അധ്യാപകൻ/അധ്യാപകയെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തും. സഭ നടത്താൻ മൂന്ന് മുതൽ അഞ്ചുവരെ അംഗങ്ങളുള്ള പാനലിന് രൂപം നൽകും.
വിദ്യാർത്ഥി പ്രതിനിധികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  വിലയിരുത്തിയുള്ള റിപ്പോർട്ട് ഹരിതസഭയിൽ അവതരിപ്പിക്കും.

തദ്ദേശ സ്ഥാപന പരിധയിലെയും, വിദ്യാലയങ്ങളിലെയും മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ വിടവുകളും പോരായ്മകളും പരിഹാര നിർദ്ദേശങ്ങളുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുക. അവതരിപ്പിക്കുന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം  ലഭിയ്ക്കും.


കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനം മാലിന്യ സംസ്കരണ രംഗത്ത് നടത്തുന്ന  പ്രവർത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതികളും ഓരോ പരാതിയിന്മേൽ തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികളും സംബന്ധിച്ച അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റിപ്പോർട്ട്  അവതരിപ്പിക്കും.

കഴിഞ്ഞ വർഷം നടന്ന കുട്ടികളുടെ ഹരിതസഭയിലെ നിർദ്ദേശങ്ങളുടെ പുരോഗതിയും സഭയിൽ വിലയിരുത്തുകയും ചെയ്യും. കുട്ടികൾ രൂപീകരിച്ച പുതിയ ആശയങ്ങൾ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ക്രാഫ്റ്റ് മോഡലുകൾ നവീകരിച്ച ജി. വി.പിയുടെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി മിനി എക്സിബിഷനുകളും  മറ്റ് പരിപാടികളും ഇതുമായി ബന്ധപ്പെട്ട് നടത്താവുന്നതാണ്. കുട്ടികളുടെ ഹരിതസഭ പൂർണമായും  ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!