കോട്ടയം∙ സ്വന്തം ജന്മദിനം ആഘോഷിക്കുന്ന പതിവ് എ.കെ. ആന്റണിയുടെ നയത്തിനു ചേരുന്നതല്ല. അതേസമയം കോൺഗ്രസിന്റെ ജന്മദിന ആഘോഷം ഒഴിവാക്കാൻ ആന്റണിക്കു സാധിക്കുകയുമില്ല. പ്രശ്നം അതല്ല.

ആന്റണിക്കും കോൺഗ്രസിനും പിറന്നാൾ ഒരു ദിവസം, ഡിസംബർ 28. ഇത്തവണ രണ്ടു ജന്മദിനവും വിപുലമായി ആഘോഷിക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹം. അതിനു കാരണമുണ്ട്. ഇക്കുറി ആന്റണിയുടെ 84–ാം പിറന്നാളാണ്. ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട ജന്മദിനം.


ആയിരം പൂർണചന്ദ്രന്മാരെ കണ്ടെന്നതൊക്കെ വലിയ കാര്യമായി ഞാൻ കരുതുന്നില്ല. അതൊക്കെ സാധാരണ സംഭവമല്ലേ. അന്ന് കോൺഗ്രസിന്റെയും ജന്മദിനമാണ്. എന്റെ പാർട്ടിയുടെ ജന്മദിനമാണ് എന്റെയും ജന്മദിനമെന്നും ആന്റണി പറഞ്ഞു.

എ.കെ. ആന്റണി സമ്മതിച്ചാൽ ജന്മദിനാഘോഷം കെങ്കേമമാക്കാമെന്നാണ് കോൺഗ്രസിന്റെ ലൈൻ. ജന്മദിനം ആഘോഷിക്കാൻ അദ്ദേഹത്തിന്റെ സമ്മതം വേണമല്ലോയെന്നും അത് തിരക്കുമെന്നും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു.

1940 ഡിസംബര്‍ 28 നാണ് അറയ്ക്കപ്പറമ്പില്‍ കുര്യന്റെയും ഏലിക്കുട്ടിയുടേയും മകനായി ജനനം. 37ാം വയസില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ഏറ്റവും കൂടുതല്‍ കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി അങ്ങനെ പിന്നിട്ട വഴികളില്‍ ആന്‍റണി കുറിച്ച ചരിത്രം നിരവധിയാണ്.


