തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്ലമിനാണ് കുത്തേറ്റത്. ശ്വാസ കോശം തുളച്ചുള്ള കുത്തേറ്റ അസ്ലം ഗുരുതരാവസ്ഥയിലാണ്. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ നാലുപേർ ചേർന്നാണ് അക്രമിച്ചത്. പൂവച്ചൽ ബാങ്ക് നട ജംഗ്ഷനിൽവെച്ച് ഉച്ചയ്ക്കാണ് സംഭവം. സ്കൂളിന് ഇന്ന് (ശനി) അവധിയായിരുന്നു.

ഒരുമാസം മുമ്പ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർ ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും പരിക്കേറ്റിരുന്നു. അന്നത്തെ സംഘർഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പോലീസ് പറയുന്നത്.

അന്ന് സംഘർഷം തടയാനെത്തിയ പ്രിൻസിപ്പൽ പ്രിയയെ വിദ്യാർഥികൾ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്ക് പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 18 വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. 20 വിദ്യാർഥികൾക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുത്തിരുന്നു.


