ക്വാലലംപൂർ∙ അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി.



33 പന്തിൽ 44 റൺസെടുത്ത് ഗൊങ്കഡി തൃഷയും 22 പന്തിൽ 26 റൺസെടുത്ത സനിക ചൽക്കെയും നിലയുറപ്പിച്ചതോടെ 52 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയറൺസ് കുറിച്ചു.

18 പന്തിൽ 23 റണ്‍സെടുത്ത മൈക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

രണ്ടാം ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ സിമോൺ ലോറന്‍സിനെ പൂജ്യത്തിനു പുറത്താക്കി പരുനിക സിസോദിയയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.

14 പന്തില്‍ 16 റൺസെടുത്ത ജെമ്മ ബോതയെ ഷബ്നം സകിൽ വിക്കറ്റ് കീപ്പർ കമാലിനിയുടെ കൈകളിലെത്തിച്ചു

രണ്ടോവറുകൾ പന്തെറിഞ്ഞ മലയാളി താരം വി.ജെ. ജോഷിത 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല.


