സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ തണ്ണീർപ്പന്തലുകള്‍ സ്ഥാപിക്കാൻ ദുരന്തനിവാരണ അഥോറിറ്റി നിർദേശം. മാർക്കറ്റുകള്‍, കവലകള്‍, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകള്‍ കൂടുതല്‍ സമയം ചെലവിടുന്ന ഇടങ്ങളില്‍ തണ്ണീർപ്പന്തല്‍, കുടിവെള്ളലഭ്യത എന്നിവ ഉറപ്പാക്കണം.

കൂടുതല്‍ അപകട സാധ്യതയുള്ള ഇടങ്ങളില്‍ എല്ലാവർക്കും പ്രാപ്യമായ രീതിയില്‍ ശീതീകരിച്ച കെട്ടിടങ്ങള്‍ സജ്ജമാക്കണം. രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ വൃക്ഷങ്ങളും തണലുമുള്ള പൊതുസ്ഥലങ്ങള്‍, പാർക്കുകള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം.

പ്രായമായവർ, കിടപ്പുരോഗികള്‍, മാനസികാരോഗ്യ പ്രശ്നമുള്ളവർ, പുറംജോലികളില്‍ ഏർപ്പെടുന്നവർ എന്നിവർക്ക് ഫാൻ, ശീതീകരണ മാർഗ്ഗങ്ങള്‍ എന്നിവ ഒരുക്കിക്കൊടുക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ ഉറപ്പാക്കണം.


പൊതു കളിസ്ഥലങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കണം. വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ വനം, ജലവിഭവ വകുപ്പുകളുമായി സഹകരിച്ച് വനത്തിനകത്ത് ജലലഭ്യത ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചു.

