സംസ്ഥാന പൊലീസ് മേധാവി നിയമനം; സിപിഐഎം സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമെന്ന് എംവി ഗോവിന്ദന്‍

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഐഎം സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി തന്നെ കുറ്റവിമുക്തന്‍ ആക്കിയതാണ്. സര്‍ക്കാരും പാര്‍ട്ടിയും രണ്ടു നിലപാട് എടുക്കാന്‍ ഒരു വ്യതിരക്തതയും ഇല്ലയെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കേന്ദ്രം നല്‍കിയ ലിസ്റ്റില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ട്ടി അംഗീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പി ജയരാജന്‍ പറഞ്ഞത് എതിര്‍പ്പല്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിര്‍പ്പാകുമെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതില്‍ അതൃപ്തി പരസ്യമാക്കി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖര്‍ എന്നാണ് പരാമര്‍ശം. നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പൊലീസ് സംവിധാനം അതാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!