സര്‍വകലാശാല തര്‍ക്കം ആര്‍ക്കും ഭൂഷണമല്ല; വിമര്‍ശിച്ച് ഹൈക്കോടതി

കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് പ്രശ്‌നം. ഇരുകൂട്ടരുടേയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാണ് രജിസ്ട്രാറുടെ ഹര്‍ജി പരിഗണിച്ചത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാതെ, സര്‍വകലാശാല നിയമവും ചട്ടവും വിസി ലംഘിക്കുകയാണെന്ന്, ഡോ. അനില്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എല്‍വിന്‍ പീറ്റര്‍ ചൂണ്ടിക്കാട്ടി. വിസി സസ്‌പെന്‍ഡ് ചെയ്താല്‍ അത് സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലൈ ആറിന് സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിസി സിന്‍ഡിക്കേറ്റ് തീരുമാനം പാലിക്കാതെ സസ്‌പെന്‍ഷന്‍ ഉത്തരവുമായി മുന്നോട്ടു പോകുകയാണെന്ന് ഡോ. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നേരത്തെ നല്‍കിയിരുന്ന റിട്ട് പെറ്റീഷന്‍ പിന്‍വലിച്ചതെന്നും ഡോ. അനില്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടോയെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കണം. സിന്‍ഡിക്കേറ്റിന് മുകളിലാണോ വൈസ് ചാന്‍സലര്‍. ഇതില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിന് കോടതി നിര്‍ദേശം നല്‍കി. സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കല്ല, സിന്‍ഡിക്കേറ്റിനാണ് എന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. സര്‍വകലാശാല തര്‍ക്കം ആര്‍ക്കും ഭൂഷണമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ബുധനാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!