മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്: 555 പേരുടെ 1620 ലോണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. ദുരന്ത ബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 10 ലക്ഷത്തിന് മുകളിലും താഴെയുമുളള കടങ്ങള്‍ എഴുതി തള്ളുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. 555 പേരുടെ 1620 ലോണുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കടങ്ങള്‍ എഴുതിതള്ളുകയല്ലെന്നും പകരം ആ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നുമാണ് മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രം മനുഷ്യത്വവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. മനുഷ്യത്ത്വപരമല്ലാത്ത ഇടപെടലാണ് സോളിസിറ്റര്‍ ജനറലിന്റെ ഭാഗത്തുനിന്നുണ്ടായത്. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കഴിയില്ലന്നായിരുന്നു കോടതിയെ അറിയിച്ചത്. 18,75,6937 രൂപ ദുരന്ത ബാധിതര്‍ക്ക് കടമുണ്ട്. കടങ്ങള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതായും മന്ത്രി കെ രാജന്‍ അറിയിച്ചു.

മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാന്‍ പ്രധാനമന്ത്രിയോട് പല തവണ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് മന്ത്രി കെ രാജന്‍ വിമര്‍ശിച്ചു. നിയമപരമായി നീങ്ങിയതിനാലാണ് നേരത്തേ ഈ തീരുമാനം എടുക്കാതിരുന്നത്. കേരള ബാങ്ക് എഴുതി താളളിയ പണത്തിന് പുറമേയാണിത്. 555 പേരുടെ കടങ്ങളാണ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുന്നത്. കടങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സമര്‍പ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!