തൊടുപുഴ: കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുള്ള സമുദായത്തെ തൃപ്തിപ്പെടുത്താൻ ഇടത്- വലത് കക്ഷികൾ മത്സരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.



വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“ആദർശ രാഷ്ട്രീയം മരിച്ചുപോയി, ഇപ്പോഴുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. നമ്മൾ വോട്ട് ബാങ്കല്ല. നമ്മൾ പരസ്പരം കലഹിക്കുകയാണ്. നമ്മൾ വോട്ട് ബാങ്കായിരുന്നെങ്കിൽ നമ്മൾക്ക് കോളേജ് കിട്ടും, അധികാരം കിട്ടും, പഞ്ചായത്ത് പ്രസിഡന്റുണ്ടാകും, എം.എൽ.എയും എം.പിയുമെല്ലാമുണ്ടാകും. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താൻ ഇടത് വലത് മുന്നണികൾ മത്സരിച്ചപ്പോൾ വോട്ട് കുത്തി യന്ത്രങ്ങളായ നമ്മൾ രക്തസാക്ഷികളായി. നാം മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവരായി മാറി. മറ്റുള്ളവർക്ക് കൊടുക്കുന്നത് പോലെ ജനസംഖ്യാനുപാതികമായി രാഷ്ട്രീയ നീതി, വിദ്യാഭ്യാസ നീതി സാമ്പത്തിക നീതി, സാമൂഹിക നീതി എന്നിവ ലഭിക്കാൻ നാം ഒന്നായി നിന്നാൽ മാത്രമേ സാധിക്കൂ. അതിനുള്ള മുന്നേറ്റമാണ് വർത്തമാനകാലത്ത് അനിവാര്യം. ആരുടെയും അവകാശം പിടിച്ചുപറ്റാനല്ല, നമുക്ക് അർഹതപ്പെട്ടത് വാങ്ങാനുള്ള തന്റേടമുണ്ടാകണം. ഈഴവനാണെന്ന് പറയാനുള്ള അഭിമാന ബോധമുണ്ടാകണമെന്ന് പറഞ്ഞത് ഡോ. പൽപുവായിരുന്നു. വർത്തമാനകാലത്ത് സമുദായ ബോധമുണ്ടാകേണ്ടത് അന്നത്തേക്കാൾ പ്രസക്തമാണ്. സമുദായബോധം മറ്റുള്ള സമുദായങ്ങളിൽ വളരെ ശക്തമാണ്. ആ സമുദായബോധമാണ് അവരെ അധികാര രാഷ്ട്രീയത്തിലെത്തിക്കുന്നത്. ഓരോ സമുദായങ്ങളും അധികാരം പിടിച്ചെടുക്കാൻ വേണ്ടി പാർട്ടികൾ രൂപീകരിച്ച് പിന്നാക്ക അധഃസ്ഥിത വർഗത്തെ ചവിട്ടി താഴ്ത്തി. ഓരോരുത്തരും ഓരോ പാർട്ടിയുണ്ടാക്കുകയാണ്. പി.വി. അൻവർ പോലും പാർട്ടിയുണ്ടാക്കുകയാണ്. തൊട്ടാൽ പാർട്ടിയുണ്ടാക്കുന്ന രീതിയിലേക്ക് മാറി. ഇവരെയെല്ലാം ചൊൽപടിയിൽ നിറുത്താൻ കരുത്തുള്ള ഈഴവ സമുദായം നിഷ്‌ക്രിയരായി ഇരിക്കാതെ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു.



