തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലുള്ള 15,423 സ്കൂളുകളിലാണ് വീണ്ടും പഠനാരവം ഉയരുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളും തിങ്കളാഴ്ച തുറക്കും.

42 ലക്ഷത്തോളം വിദ്യാർഥികളാണ് സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ എത്തുന്നത്. ഇതിൽ മൂന്നു ലക്ഷത്തോളം പേർ ഒന്നാം ക്ലാസിലെത്തുന്നവരാണ്. കഴിഞ്ഞ വർഷം 2,98,067 പേരാണ് ഒന്നാം ക്ലാസിൽ ചേർന്നത്. ജനന നിരക്കിലുണ്ടാകുന്ന കുറവ് ഒന്നാം ക്ലാസിലെ പ്രവേശനത്തിലെ എണ്ണത്തിൽ എല്ലാവർഷവും കുറവുവരുത്തുന്നുണ്ട്. മഴയുടെ അകമ്പടിയോടെയാണ് ഇത്തവണയും അധ്യയനവർഷം തുടങ്ങുന്നത്.
