രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക.7.40 മുതൽ എട്ടു മണി വരെ ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേർന്ന് സ്വീകരിക്കും. 2019 ലും നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു.

നാളെ രാവിലെ എഴുമണിയോടെ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളജിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടര മണിക്കൂറോളം ഗുരുവായൂരിൽ ഉണ്ടാകും. ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്നും റോഡ് മാർഗം രാവിലെ 7.15 ഓടെ ദേവസ്വം അതിഥിമന്ദിരമായ ശ്രീവൽസത്തിൽ പ്രധാനമന്ത്രി എത്തിച്ചേരും. 15 മിനിട്ട് വിശ്രമം .7.40 ന് ക്ഷേത്രത്തിലെത്തും. ക്ഷേത്ര ദർശനത്തിനു ശേഷം ക്ഷേത്ര ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 9:30 ഓടെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
